ഫരീദാബാദ്: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൻ്റെ അന്വേഷണത്തിനിടെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സെക്ടർ-56ലെ ഒരു വാടക വീട്ടിൽ നിന്നാണ് 50 കിലോഗ്രാമോളം വരുന്ന സ്ഫോടക ശേഖരം കണ്ടെത്തിയത്.(Another huge cache of explosives seized from Faridabad, 7 people arrested)
സംഭവവുമായി ബന്ധപ്പെട്ട് അൽ-ഫലാഹ് സർവകലാശാലയിൽ നിന്നുള്ള ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ ഫാക്കൽറ്റി, വിദ്യാർത്ഥികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ 52-ൽ അധികം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, നേരത്തെ പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്തിരുന്നത് ഈ അൽ-ഫലാഹ് സർവകലാശാലയിലായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമാണെന്ന നിഗമനത്തിൽ അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)ക്ക് കൈമാറിയിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് എന്നാണ് നിലവിലെ സൂചന.
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് ഫരീദാബാദിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ചാവേറെന്ന് കരുതുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ കുടുംബാംഗങ്ങളെ അന്വേഷണ ഏജൻസികൾ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്.