
ഭോപ്പാൽ: പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. മധ്യപ്രദേശിലെ ബെൽഗഢ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർസി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. പ്രദേശവാസിയായ ഓം പ്രകാശ് ബത്തം എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശിവാനി ഝ എന്ന യുവതിയെയാണ് ഓം പ്രകാശ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിന് ശിവാനിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഒരാഴ്ച മുൻപാണ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ആക്രമിക്കുന്നത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.
വിവാഹത്തിന് പിന്നാലെ ഇരുവരും ദാബ്രയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 19ന് ഹർസിയിലെത്തിയ ഓം പ്രകാശിനെ ഭാര്യയുടെ ബന്ധുക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ശിവാനിയുടെ അച്ഛൻ, സഹോദരൻ, മറ്റ് ബന്ധുക്കൾ, അയൽക്കാർ എന്നിവർ ചേർന്നാണ് ഓം പ്രകാശിനെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബം ഗ്വാളിയോറിലെ ജയരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓം പ്രകാശ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾക്കെതിരെ പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവാനിയുടെ പരാതിയിൽ നാല് പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ദ്വാരിക പ്രസാദ് ഝാ, രാജു ഝാ, ഉമ ഓജ, സന്ദീപ് ശർമ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.