
പട്ന: ബിഹാറിലെ സമസ്തിപൂരിൽ നിന്ന് ഒരു ഞെട്ടിക്കുന്ന ഒരു ക്രൂര കൊലപാതകത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കർഹെ നദിയുടെ തീരത്ത് കുഴിച്ചിട്ട നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. സമസ്തിപൂർ ജില്ലയിലെ സിങ്കിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അതേസമയം, ഇതൊരു ദുരഭിമാനക്കൊലപാതകം ആണെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ കൗമാരക്കാരിയുടെ മുത്തച്ഛനെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു, അതേസമയം പെൺകുട്ടിയുടെ അച്ഛനും അമ്മയും ഇപ്പോഴും ഒളിവിലാണ്.
മരിച്ച പെൺകുട്ടി 17 വയസ്സുള്ള പ്രീതി കുമാരി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രാമത്തിലെ ഒരു യുവാവുമായി മരിച്ച പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനെ തുടർന്ന് കുടുംബാംഗങ്ങൾ കൗമാരക്കാരിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് നിഗമനം. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ മൃതദേഹം നദിക്കരയിൽ കുഴിച്ചിട്ടു എന്നാണ് പോലീസ് കണ്ടെത്തൽ.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ, സിംഗിയ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പട്രോളിംഗ് സംഘം സംശയാസ്പദമായി രണ്ട് പേർ നദിയിൽ കുളിക്കുന്നത് കണ്ടു. അവരെ ചോദ്യം ചെയ്തപ്പോൾ, നദിയിൽ കുളിച്ച് മടങ്ങുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സംശയാസ്പദമായി തോന്നിയ പോലീസ് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ പ്രീതിയുടെ മൃതദേഹം നദിക്കരയിൽ കുഴിച്ചിട്ടതായി കസ്റ്റഡിയിൽ ഉള്ള അമ്മാവനും മുത്തച്ഛനും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂര കൊലപാതകത്തിന്റെ കഥ പുറം ലോകം അറിയുന്നത്..
പ്രാഥമിക അന്വേഷണത്തിൽ കേസ് ദുരഭിമാനക്കൊലയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് ഡിഎസ്പി പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴും ഒളിവിലാണ്, പോലീസ് അവർക്കായി തിരച്ചിൽ നടത്തുകയാണ്. . പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് പോലീസ് അയച്ചു.. പ്രണയബന്ധത്തിന്റെ പേരിൽ പെൺകുട്ടിയെ കുടുംബാംഗങ്ങൾ മർദ്ദിച്ചുവെന്നും, ഇത് മരണത്തിലേക്ക് നയിച്ചുവെന്നും, അത് മറച്ചുവെക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും പോലീസ് പറഞ്ഞു.