ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒ. മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു, ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ സി.എം.എസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.(Another historic achievement for ISRO, Heaviest satellite launched from India in orbit)
ഇന്നലെ (ഞായറാഴ്ച) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയതും പുതിയ തലമുറ വിക്ഷേപണ വാഹനവുമായ എൽ.വി.എം-3 എം5 റോക്കറ്റ് (LVM 3 M5) ആണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്. 'ബാഹുബലി' എന്ന വിളിപ്പേരിലാണ് ഈ റോക്കറ്റ് അറിയപ്പെടുന്നത്.
4410 കിലോഗ്രാം ഭാരമുള്ള വിവരവിനിമയ ഉപഗ്രഹമാണ് സി.എം.എസ്-03. ഒരു മൾട്ടിബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ഇത്, വിശാലമായ സമുദ്രമേഖലയിൽ ഇന്ത്യൻ നാവികസേനയുടെ ആശയവിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാണ് (GTS) ഉപഗ്രഹം വിന്യസിച്ചത്. കുറഞ്ഞത് 15 വർഷത്തേക്ക് സേവനങ്ങൾ ലഭിക്കും വിധമാണ് ഈ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവരെ നടത്തിയ എട്ട് എൽ.വി.എം-3 വിക്ഷേപണങ്ങളും വിജയകരമായിരുന്നു. ഇതോടെ 100% വിജയശതമാനമുള്ള റോക്കറ്റ് എന്ന നേട്ടവും 'ബാഹുബലി' കൈവരിച്ചു.
2023-ൽ ചന്ദ്രയാൻ-3 ദൗത്യത്തിന് ഉപയോഗിച്ചതും എൽ.വി.എം-3 റോക്കറ്റായിരുന്നു. വിക്ഷേപണത്തിൻ്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. റോക്കറ്റിന് ഇരുവശങ്ങളിലുമുള്ള രണ്ട് എസ്-200 റോക്കറ്റ് ബൂസ്റ്ററുകൾ വേർപെടുന്നതും എൽ-110 ലിക്വിഡ് കോർ സ്റ്റേജ് വേർപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഐ.എസ്.ആർ.ഒ. മേധാവി വി. നാരായണൻ ഈ നേട്ടം 'ആത്മനിർഭർ ഭാരതിൻ്റെ തിളക്കമാർന്ന ഉദാഹരണമാണി' തെന്ന് പ്രതികരിച്ചു.