ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷൻസിനും (RCom) എതിരെ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു (Anil Ambani CBI FIR). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2,929 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപിച്ചുള്ള ഈ നടപടി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അനിൽ അംബാനിയെ എട്ട് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർകോം എടുത്ത വായ്പകൾ വകമാറ്റി ചിലവഴിച്ചുവെന്നും വായ്പാ നിബന്ധനകൾ ലംഘിച്ചുവെന്നും എസ്ബിഐ പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ തന്നെ ഈ അക്കൗണ്ടുകൾ തട്ടിപ്പ് ഗണത്തിൽ ബാങ്ക് ഉൾപ്പെടുത്തിയിരുന്നു.
2010-2012 കാലയളവിൽ വിവിധ ബാങ്കുകളിൽ നിന്നായി 40,000 കോടി രൂപയിലധികം ആർകോം വായ്പ എടുത്തിരുന്നു. ഇതിൽ അഞ്ച് അക്കൗണ്ടുകൾ ഇതിനോടകം ബാങ്കുകൾ തട്ടിപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസുമായി ബന്ധപ്പെട്ട 228 കോടിയുടെ തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലായിരുന്നു അൻമോൾ അംബാനിക്കെതിരെയുള്ള നടപടി. നിലവിൽ കടബാധ്യതകളെത്തുടർന്ന് ഇൻസോൾവൻസി നടപടികളിലൂടെയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് കടന്നുപോകുന്നത്.
അനിൽ അംബാനിക്കെതിരെയുള്ള അന്വേഷണങ്ങൾ വൈകുന്നതിൽ സുപ്രീം കോടതി നേരത്തെ തന്നെ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിൽ കാണിക്കുന്ന മന്ദത അംഗീകരിക്കാനാവില്ലെന്നും കൃത്യമായ ഇടവേളകളിൽ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമായതോടെ, വായ്പ തിരിച്ചടയ്ക്കുന്നതിനായി പുതിയ ‘സ്റ്റാഗേർഡ്’ (ഘട്ടംഘട്ടമായുള്ള) തിരിച്ചടവ് പദ്ധതി അനിൽ അംബാനി സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
Summary: The CBI has filed a fresh FIR against Anil Ambani and Reliance Communications (RCom) following a complaint by SBI regarding an alleged ₹2,929 crore bank fraud. The move follows an eight-hour interrogation of Ambani at the CBI headquarters. The case involves allegations of fund diversion and violation of loan terms.

