

ന്യൂഡൽഹി: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ കണ്ടെത്തിയ അതീവ ഗുരുതരമായ സുരക്ഷാ പിഴവ് പരിഹരിക്കാൻ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) നിർദ്ദേശിച്ചു (Android Security Update). ഗൂഗിളിന്റെ ജനുവരി മാസത്തെ സെക്യൂരിറ്റി പാച്ചിലൂടെയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഡോൾബി ഓഡിയോ ഡിജിറ്റൽ പ്ലസ് (Dolby Digital Plus) ഡീകോഡറിലെ തകരാറാണ് ഹാക്കർമാർക്ക് ഫോണുകൾ നിയന്ത്രിക്കാൻ പഴുതൊരുക്കിയിരുന്നത്.
ഉപയോക്താക്കൾ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ തന്നെ ഫോണുകളിൽ നുഴഞ്ഞുകയറാൻ സാധിക്കുന്ന 'സീറോ-ക്ലിക്ക്' വിഭാഗത്തിൽപ്പെട്ട പിഴവാണിത്. ഹാക്കർമാർക്ക് റിമോട്ട് ആയി കോഡുകൾ പ്രവർത്തിപ്പിക്കാനും ഫോണിലെ വിവരങ്ങൾ ചോർത്താനും ഈ സുരക്ഷാ വീഴ്ച വഴി സാധിക്കുമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ 2025-ലാണ് ഗൂഗിളിന്റെ പ്രോജക്ട് സീറോ ടീം ആദ്യമായി ഈ തകരാർ കണ്ടെത്തിയത്. ഗൂഗിൾ പിക്സൽ മോഡലുകളെയും മറ്റ് പ്രമുഖ ആൻഡ്രോയിഡ് ബ്രാൻഡുകളെയും ഇത് ബാധിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ തങ്ങളുടെ ഫോണിലെ 'സെറ്റിങ്‌സിൽ' പോയി 'സിസ്റ്റം അപ്ഡേറ്റ്' അല്ലെങ്കിൽ 'സെക്യൂരിറ്റി അപ്ഡേറ്റ്' പരിശോധിച്ച് ഏറ്റവും പുതിയ വേർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണമെന്ന് CERT-In അറിയിച്ചു. ഫോണിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡാറ്റ ചോർച്ച തടയുന്നതിനും ഇത്തരം സെക്യൂരിറ്റി അപ്ഡേറ്റുകൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
The Indian Computer Emergency Response Team (CERT-In) has issued an advisory urging Android users to update their smartphones immediately to patch a critical "Zero-Click" vulnerability in the Dolby Digital Plus decoder. This security flaw, first discovered in late 2025, allows hackers to remotely execute code and gain unauthorized access to devices without any user interaction. Google has addressed this issue in its January 2026 security patch, and users are advised to install the latest system updates to safeguard their personal data and device security.