വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ച നാവികസേനാ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു (Andhra Pradesh Fridge Murder Case). മാസങ്ങൾക്ക് മുൻപ് ദില്ലിയിൽ നടന്ന ശ്രദ്ധ വാക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വിശാഖപട്ടണത്തെ നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വിവാഹിതനായ ഉദ്യോഗസ്ഥനാണ് പ്രതി. ഇയാൾക്ക് മറ്റൊരു യുവതിയുമായി പ്രണയബന്ധമുണ്ടായിരുന്നു.
വിവാഹിതനായ പ്രതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഇവ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.
ദിവസങ്ങളായി യുവതിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾക്കും സംശയം തോന്നിയിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

