

അമരാവതി: ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ സ്വകാര്യ ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു ( Andhra Pradesh Bus Accident). വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിനും ട്രക്കിനും നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു. ബസ് ഡ്രൈവർ, ട്രക്ക് ഡ്രൈവർ, ക്ലീനർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടസമയത്ത് ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു. തീ ആളിപ്പടർന്നതോടെ ബസിന്റെ എമർജൻസി വാതിൽ ഉൾപ്പെടെ തുറക്കാൻ കഴിയാതിരുന്നത് പരിഭ്രാന്തി പരത്തി. എന്നാൽ സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബസിന്റെ വശങ്ങളിലെ ഗ്ലാസുകൾ അടിച്ചുതകർത്ത് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.
അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ബസ് പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. അപകടത്തെക്കുറിച്ച് നന്ദ്യാൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പുലർച്ചെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്.
Three people were charred to death in Andhra Pradesh's Nandyal district after a private bus collided with a container truck and caught fire early Thursday morning. The accident occurred when a tire of the bus, traveling from Nellore to Hyderabad, burst, causing it to lose control and crash into the truck after crossing the divider. While 36 passengers managed to escape by breaking window glasses with the help of a passerby, the drivers of both vehicles and a cleaner lost their lives in the blaze.