ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയത് കടുത്ത പനി വകവെക്കാതെ. സഭയിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ഷാക്ക് 102 ഡിഗ്രിയോളമായിരുന്നു പനി. സെഷന് തൊട്ടുമുമ്പ് ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയും പനി കുറയാൻ മരുന്ന് നൽകുകയും ചെയ്തിരുന്നു.(Amit Shah responds to Rahul Gandhi in Lok Sabha despite 102 degree fever)
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകി. വോട്ട് മോഷണം, തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (SIR), തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. വോട്ട് മോഷണ ആരോപണം രാഹുൽ ഗാന്ധി പലതവണ ഉന്നയിച്ചിരുന്നു. ഹരിയാണയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിനെ അദ്ദേഹം 'ഹൈഡ്രജൻ ബോംബ്' എന്നും വിശേഷിപ്പിച്ചു.
ബിഹാർ തിരഞ്ഞെടുപ്പ് വേളയിലാണ് ഈ ആരോപണം സജീവമായത്, ശൈത്യകാല സമ്മേളനത്തിൽ അദ്ദേഹം ഇത് വീണ്ടും പാർലമെന്റിൽ ഉന്നയിച്ചു. വോട്ടർ പട്ടികകളിലെ ക്രമക്കേടുകളെക്കുറിച്ച് ചർച്ചയ്ക്ക് ധൈര്യമുണ്ടോ എന്ന് രാഹുൽ ചോദിച്ചപ്പോൾ, താൻ കാര്യങ്ങൾ എങ്ങനെ പറയണമെന്ന് ആരും നിർദ്ദേശിക്കേണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.
പാർലമെന്റിൽ ചർച്ചയ്ക്ക് മുമ്പ് താൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സംസാരിച്ചതായും, രാഹുലിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്നും അമിത് ഷാ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കുകയും അതേസമയം തന്നെ എസ് ഐ ആറിനെ എതിർക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു."നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ ലിസ്റ്റ് തികച്ചും ശരിയാണ്, പക്ഷെ ബിഹാറിൽ സംഭവിച്ചതുപോലെ നിങ്ങൾ പരാജയപ്പെടുമ്പോൾ, വോട്ടർ ലിസ്റ്റിൽ പ്രശ്‌നമുണ്ടെന്ന് പറയുന്നു. ഈ ഇരട്ടത്താപ്പ് വിലപ്പോകില്ല," അദ്ദേഹം ശക്തമായി തിരിച്ചടിച്ചു.