ന്യൂഡൽഹി: പ്രാദേശിക ഭാഷകൾ സംബന്ധിച്ച് ദക്ഷിണേന്ത്യൻ എം.പി.മാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. സി.പി.എം. രാജ്യസഭാ എം.പി.യായ ജോൺ ബ്രിട്ടാസിന് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു.(Amit Shah replies to John Brittas MP in Malayalam)
മോദി സർക്കാരിലെ പല മന്ത്രിമാരും ഔദ്യോഗിക കത്തിടപാടുകളിൽ ഹിന്ദിയിൽ മാത്രം മറുപടി നൽകുന്നത് ദക്ഷിണേന്ത്യയിലെ എം.പി.മാരുടെ ശക്തമായ വിമർശനത്തിന് കാരണമായിരുന്നു. ഇംഗ്ലീഷിൽ മറുപടി നൽകുന്നതായിരുന്നു ഇതുവരെയുള്ള കീഴ് വഴക്കം. ചില മന്ത്രിമാർ ഹിന്ദി നിർബന്ധമാക്കിയത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന ആരോപണവും ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി ശ്രദ്ധേയമാകുന്നത്.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) രജിസ്‌ട്രേഷൻ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബർ 14-ന് അമിത് ഷാ കത്തയച്ചത്.
"ജോൺ ബ്രിട്ടാസ് അയച്ച കത്തുകിട്ടി" എന്ന് മലയാളത്തിൽ കത്തിൽ വ്യക്തമാക്കുന്നു. "നന്ദിയോടെ താങ്കളുടെ അമിത് ഷാ" എന്നെഴുതി ഒപ്പിട്ടാണ് കത്ത് അവസാനിക്കുന്നത്. സാധാരണയായി അമിത് ഷാ എം.പി.മാരുടെ കത്തുകൾക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.
നേരത്തേ, കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയിൽ നൽകിയ കത്തിന് മലയാളത്തിൽ മറുപടി നൽകി ജോൺ ബ്രിട്ടാസ് പ്രതിഷേധം അറിയിച്ചിരുന്നു. 1990-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് ഹിന്ദിയിൽ അയച്ച കത്തിന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ മലയാളത്തിൽ മറുപടി അയച്ച സംഭവവും ചരിത്രത്തിലുണ്ട്. പ്രാദേശിക ഭാഷാഭിമാനത്തെ കേന്ദ്രം അംഗീകരിക്കുന്നതിന്‍റെ സൂചനയായാണ് അമിത് ഷായുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്.