ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. (Amit Shah on Kerala Nuns arrest in Chhattisgarh)
ഇന്നോ നാളെയോ ജാമ്യം ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യാപേക്ഷ എൻ ഐ എ കോടതിയിലേക്ക് വിടേണ്ട കാര്യമില്ലായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്.
യു ഡി എഫ്, എൽ ഡി എഫ് എം പിമാർ അമിത് ഷായെ കാണാൻ എത്തിയിരുന്നു. അവരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ എൻ ഐ എ അന്വേഷണത്തിന് അനുമതി നൽകില്ല എന്നും, ഛത്തീസ്ഗഡ് സർക്കാർ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതി അപ്പീൽ നൽകുമ്പോൾ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.