

ഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിൽ 8 പേരുടെ മരണത്തിനും 7 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഭീകരാക്രമണത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉന്നതതല സുരക്ഷാ അവലോകന യോഗം ചേരും. രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുക. (Amit Shah)
ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത്, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ നളിൻ പ്രഭാത് വെർച്വലായി യോഗത്തിൽ ചേരും.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ, അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറുമായും സംസാരിച്ചു, തുടർന്ന് എൻഐഎ, എൻഎസ്ജി, എഫ്എസ് എൽ, ഡൽഹി പോലീസ് എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഏകോപിത മൾട്ടി ഏജൻസി അന്വേഷണത്തിന് നിർദ്ദേശം നൽകി. അത് കൂടാതെ സ്ഫോടനത്തിന്റെ സ്വഭാവത്തേയും കാരണത്തേയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.