ന്യൂഡൽഹി: ദുബായ് എയർ ഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് വിംഗ് കമാൻഡർ നമൻഷ് സ്യാൽ മരിച്ച സംഭവത്തിൽ, എയർ ഷോ തുടരാനുള്ള സംഘാടകരുടെ തീരുമാനത്തിനെതിരെ അമേരിക്കൻ വ്യോമസേനയുടെ പൈലറ്റ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് ഞെട്ടലും അമർഷവും രേഖപ്പെടുത്തിയത്.(American pilot opposes continuing show after Tejas crash)
ഇന്ത്യൻ പൈലറ്റിനോടും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടുമുള്ള ആദരസൂചകമായി തൻ്റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും ഹൈസ്റ്റർ അറിയിച്ചു. 1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറാണ് ടെക്സാസ് സ്വദേശിയായ ഹൈസ്റ്റർ. തേജസ് വിമാനം തീപിടിച്ചപ്പോൾ, സ്വന്തം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം.
പെട്ടെന്നുണ്ടായ ദുരന്തം തനിക്ക് ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കി. ദുരന്തം നടന്നിട്ടും ഷോ തുടർന്നതിലുള്ള അമർഷം അദ്ദേഹം മറച്ചുവെച്ചില്ല. ഒഴിഞ്ഞുകിടക്കുന്ന പാർക്കിംഗ് സ്ഥലത്തിന് അടുത്ത് എയർക്രാഫ്റ്റ് ലാഡർ നിലത്ത് വെച്ച്, പൈലറ്റിന്റെ സാധനങ്ങൾ വാടക കാറിൽ സൂക്ഷിച്ച് നിസ്സഹായരായി നിൽക്കുന്ന ഇന്ത്യൻ മെയിൻ്റനൻസ് ക്രൂവിനെക്കുറിച്ച് ടീം നിശ്ശബ്ദമായി ആലോചിച്ചു.
തീയണച്ചതിന് ശേഷവും എയർ ഷോ തുടരുമെന്ന് സംഘാടകർ അറിയിച്ചപ്പോൾ ടീം അവിടെനിന്നും മാറി. ഒരു മണിക്കൂറിന് ശേഷം തിരികെ വന്നപ്പോൾ അനൗൺസർ ആവേശത്തോടെ സംസാരിക്കുന്നതും ആളുകൾ ഷോ കാണുന്നതും കണ്ടപ്പോൾ താൻ നിരാശനായെന്ന് ഹൈസ്റ്റർ കുറിച്ചു.
ദുരന്തത്തിൽ മരവിച്ചു നിൽക്കുന്ന തേജസ് ക്രൂവിന്റെ അടുത്ത് കൂടി കടന്നുപോകുമ്പോൾ, ഒഴിഞ്ഞ പാർക്കിംഗ് സ്ഥലവും, വിമാനത്തിൽ കയറാൻ ഉപയോഗിച്ച ലാഡറും വാടക കാറിലെ പൈലറ്റിൻ്റെ സാധനങ്ങളും കണ്ടു. കോക്പിറ്റിൽ കയറുന്ന ഓരോ വൈമാനികൻ്റെയും നിശ്ശബ്ദമായ ഭയം അവരിൽ ഉണ്ടായിരുന്നു എന്നും ഹൈസ്റ്റർ പറഞ്ഞു.
ഷോ പുനരാരംഭിച്ചപ്പോൾ, "ഞങ്ങളുടെ എല്ലാ സ്പോൺസർമാർക്കും അഭിനന്ദനങ്ങൾ... 2027-ൽ കാണാം" എന്ന് അനൗൺസ് ചെയ്തപ്പോൾ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.