അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 12:45 ഓടെയാണ് അപകടം. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്.(Ambulance catches fire in Gujarat, 4 people including newborn baby die tragically)
രോഗബാധിതനായ നവജാത ശിശുവിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം. മരിച്ച നാല് പേരിൽ നവജാത ശിശു, ഡോക്ടർ, നഴ്സ്, ഒരു കുടുംബാംഗം എന്നിവർ ഉൾപ്പെടുന്നു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്.പി.) മനോഹർസിങ് ജഡേജ സംഭവസ്ഥലം സന്ദർശിച്ചു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഫോറൻസിക് സംഘത്തിൻ്റെ റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ. കുഞ്ഞിൻ്റെ അവസ്ഥ മോശമായതിനെ തുടർന്ന് മഹിസാഗറിലെ ലുനാവാഡയിൽ നിന്ന് മൊദാസയിൽ എത്തിച്ചതിന് ശേഷമാണ് അഹമ്മദാബാദിലേക്ക് മാറ്റാൻ തീരുമാനിച്ചത്.