മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം,13,000 അടി ഉയരത്തിലുള്ള പ്രകൃതി നിർമ്മിതമായ ഗുഹാക്ഷേത്രം; അമർനാഥ് ഗുഹാക്ഷേത്രത്തെ കുറിച്ച് അറിയാം | Amarnath Cave Temple

 Amarnath Cave Temple
Published on

ഇന്ത്യയിലെ ഏറ്റവും കഠിനവും അതേസമയം പവിത്രവുമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് അമർനാഥ് ഗുഹാക്ഷേത്രം (Amarnath Cave Temple). ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഈ ഗുഹാക്ഷേത്രം ശിവ ഭക്തരുടെ പുണ്യസങ്കേതമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഇവിടേക്ക് സ്വന്തം ജീവൻ പോലും പണയംവെച്ചാണ് ഭക്തർ എത്തുന്നത്. മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗമാണ് ഈ ഗുഹ ക്ഷേത്രത്തിന്റെ സവിശേഷത. സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലായാണ് ക്ഷേത്രത്തിന്റെ സ്ഥാനം.

അമർനാഥ് യാത്ര ഒരു തീർത്ഥയാത്ര മാത്രമല്ല,അത് ഒരു ആത്മീയ പരീക്ഷണം കൂടിയാണ്. വർഷത്തിൽ ഭൂരിഭാഗം സമയവും മഞ്ഞാൽ ഗുഹാക്ഷേത്രവും പരിസരവും മൂടപ്പെടുന്നു. അതിനാൽ തന്നെ ജൂലൈ മുതൽ ആഗസ്റ്റ്, ശ്രാവണ മാസത്തിൽ മാത്രമാണ് ഭക്തർക്കായി ക്ഷേത്രം തുറന്ന് നൽകുന്നത്. ലോകമെമ്പാടുമുള്ള ശിവഭക്തർ ഈ കഠിനമായ യാത്രയെ മോക്ഷയാത്രയായി കണക്കാക്കുന്നു. പഹൽഗാം അല്ലെങ്കിൽ ബൽതാൽ വഴി ആരംഭിക്കുന്ന ഈ യാത്രയിൽ ഭക്തർക്ക് അതിരില്ലാത്ത വിശ്വാസവും രക്തം മരവിപ്പിക്കുന്ന മഞ്ഞുമാകും കൂട്ട്. 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതി നിർമ്മിത ഗുഹക്ഷേത്രമാണ് അമർനാഥിലേത്. ഗുഹാക്ഷേത്രത്തിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെ ഹിമലിംഗമെന്നാണ് വിശേഷിപ്പിക്കുന്നത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വാസം.

ഹിമലിംഗം

ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ആരംഭത്തോടെയാണ് ഗുഹക്കുള്ളിൽ ഹിമലിംഗം രൂപം കൊള്ളുന്നത്. പൂർണ്ണചന്ദ്ര ദിനത്തിലാണ് ഹിമലിംഗം അതിന്റെ പൂർണ്ണമായ രൂപത്തിലെത്തുന്നത്. ദേവന്മാരുടെ ആഗ്രഹപ്രകാരം, ശ്രാവണ മാസത്തിലെ പൂർണ്ണചന്ദ്രൻ മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. കൃഷ്ണപക്ഷത്തിന്റെ ആരംഭത്തോടെ മഞ്ഞ് ഉരുകി തുടങ്ങും. കറുത്ത വാവിന്റെ അന്ന് ശിവലിംഗം പൂർണ്ണമായും ഗുഹയിൽ നിന്നും അപ്രത്യക്ഷമാകുന്നു. ശ്രാവണ മാസത്തിലെ പൗർണ്ണമി മുതൽ അമാവാസി വരെ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരെ പരമശിവൻ പ്രത്യേകമായി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

ശ്രാവണ മാസത്തിൽ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതുവശത്തുള്ള ഹിമരൂപം ഗണപതിയായും വലതുവശത്തുള്ള ഹിമരൂപം ദേവി പാർവതിയായും കണക്കാക്കപ്പെടുന്നു. ഇവിടെ  ഈശ്വരൻ തെക്കോട്ട് അഭിമുഖമായാണ് ദർശനം നൽകുന്നത്. അതിനാൽ തന്നെ സൂര്യരശ്മികൾ ക്ഷേത്രത്തിലെ ഹിമലിംഗത്തെ സ്പർശിക്കുന്നില്ല.

ക്ഷേത്ര ഐതിഹ്യം

ഒരിക്കൽ, ഭഗവാൻ ശിവൻ്റെ അമരത്വത്തിൻ്റെ പൊരുൾ വെളിപ്പെടുത്താൻ പാർവതി ദേവി ആവശ്യപ്പെടുന്നു. ഈ മഹാരഹസ്യം കേൾക്കുന്നവർക്ക് അനശ്വരത ലഭിക്കുമെന്നതിനാൽ, മറ്റാരും അറിയാതിരിക്കാനായി മഹാദേവൻ ദേവിയേയും കൂട്ടി ഹിമാലയത്തിലെ ഒരൊറ്റപ്പെട്ട ഗുഹ ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്രാമധ്യേ, തൻ്റെ വാഹനമായ നന്ദിയെ പഹൽഗാമിലും, കഴുത്തിലെ പാമ്പിനെ ശേഷ്നാഗ് തടാകക്കരയിലും, സൃഷ്ടിയുടെ അടിസ്ഥാനമായ പഞ്ചഭൂതങ്ങളെ പഞ്ചതർണിയിലും ഉപേക്ഷിച്ച ശേഷമാണ് ഭഗവാൻ പാർവതീദേവിയോടൊപ്പം അമർനാഥ് ഗുഹയിൽ പ്രവേശിച്ചത്. ഗുഹയിൽ ആരും ഇല്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ഗുഹക്കുള്ളിൽ പ്രവേശിക്കുന്നത്. എന്നാൽ, ആ ഗുഹയുടെ ഒരു കോണിൽ യാദൃച്ഛികമായി രണ്ട് പ്രാവുകളുടെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുപ്രാവുകൾ പുറത്തുവന്നിരുന്നു. ഈ പ്രാവുകൾ ശിവൻ്റെ ഉപദേശം പൂർണ്ണമായി കേൾക്കുകയും, തത്ഫലമായി അവയ്ക്ക് അമരത്വം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. അമർനാഥ് തീർത്ഥാടന പാതയിൽ ഇന്നും ഈ പ്രാവുകളെ കാണുവാൻ സാധിക്കും എന്നാണ് വിശ്വാസം.

400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും, ഒരു ക്ഷേത്രം എന്ന നിലയിൽ ആരാധിക്കുവാൻ ആരംഭിക്കുന്നതും. ഇന്ത്യയുടെ ഏകത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ഈ ക്ഷേത്രം. അമര്‍നാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശികള്‍ ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ്. അമർനാഥ് ഗുഹാക്ഷേത്രത്തിനുള്ളിൽ മറ്റൊരു ചെറിയ ഗുഹ കൂടിയുണ്ട്. ബത്കൂത് ഗ്രാമത്തിലെ മുസ്ലീങ്ങൾക്ക് ഈ ഗുഹയിൽ നിന്ന് എടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥ് വിഭൂതിയായി ഭക്തർക്ക് നൽകാൻ അവകാശമുണ്ട്.

Summary: Amarnath Cave Temple, located at 3,888 meters in the Himalayas of Jammu & Kashmir, is one of India’s most revered and challenging Hindu pilgrimage sites. The temple is famous for the naturally forming ice Shiva Lingam, known as the Himalingam, which appears annually during the month of Shravan.

Related Stories

No stories found.
Times Kerala
timeskerala.com