
പ്രയാഗ് രാജ്: നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫുൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹരിഭൻപൂർ ഗ്രാമത്തിലാണ് സംഭവം. കേസിൽ നാല് പേർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ ഒരാൾ ഒളിവിലാണ്. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) നേതാവും ബജ്‌രംഗ് ദൾ ജില്ലാ സഹ കൺവീനറുമായ ശാന്തനു തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.രഘുനാഥ്പൂർ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷനറിമാർ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു എന്നായിരുന്നു ശാന്തനു തിവാരിയുടെ പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തിൽ നടന്ന 'സാമൂഹിക ചർച്ച' എന്ന പേരിലുള്ള പരിപാടി ശാന്തനു തിവാരിയും സംഘവും അതിക്രമിച്ചു കയറി അലങ്കോലപ്പെടുത്തി.
ഇത് മതപരമായ ഒത്തുചേരലായിരുന്നുവെന്നും, ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും വി.എച്ച്.പി. ആരോപിച്ചു.ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് പണം, വസ്ത്രങ്ങൾ, മറ്റ് ഭൗതിക ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ മാറ്റി യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ വെച്ചാൽ ജോലിയും പണവും നൽകാമെന്നും പ്രലോഭിപ്പിച്ചതായി വി.എച്ച്.പി. നേതാവ് ആരോപിച്ചു.ഈ നടപടി ചോദ്യം ചെയ്തപ്പോൾ പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ശാന്തനു തിവാരി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ രാംകുമാർ പാൽ, രാംശരൺ ഗൗതം, ത്രിഭുവൻ ഗൗതം, സരിത ഗൗതം എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ രാംകുമാർ പാൽ, രാംശരൺ ഗൗതം, ത്രിഭുവൻ ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു. സരിത ഗൗതത്തിനായി തിരച്ചിൽ തുടരുകയാണ്.