ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ചു കാഴ്ചപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ക്രൂരമായി അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായി അടുത്തിടെ നിയമിതയായ അഞ്ജു ഭാർഗവയാണ് യുവതിയോട് മോശമായി പെരുമാറിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.(Allegation of religious conversion, BJP woman leader abuses visually impaired woman)
ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാ ബാഗിലുള്ള ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ വെച്ചായിരുന്നു സംഭവം. സ്ഥലത്ത് പോലീസുകാർ ഉണ്ടായിരിക്കെയാണ് അഞ്ജു ഭാർഗവ യുവതിയെ അസഭ്യം പറയുകയും കൈപിടിച്ചു തിരിക്കുകയും മുഖത്ത് കുത്തിപ്പിടിക്കുകയും ചെയ്തത്. പണം ലഭിക്കാനായി നിങ്ങൾ മതപരിവർത്തന ബിസിനസ് നടത്തുകയാണെന്ന് നേതാവ് ആരോപിക്കുന്നത് വീഡിയോയിൽ കേൾക്കാം.
കൈയേറ്റം ചെയ്യരുതെന്നും മര്യാദയ്ക്ക് സംസാരിക്കണമെന്നും യുവതി ആവശ്യപ്പെട്ടതോടെ നേതാവ് കൂടുതൽ പ്രകോപിതയായി. "അടുത്ത ജന്മത്തിലും നീ കാഴ്ചാപരിമിതിയുള്ളവളായി തന്നെ ജനിക്കും" എന്നതടക്കമുള്ള അങ്ങേയറ്റം ക്രൂരമായ ശാപവാക്കുകളാണ് ബിജെപി നേതാവ് യുവതിക്ക് നേരെ ചൊരിഞ്ഞത്.
കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. ഭിന്നശേഷിക്കാരിയായ ഒരു യുവതിയോട് ഭരണകക്ഷി നേതാവ് നടത്തിയ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.