പുതുച്ചേരി: പുതുച്ചേരിയിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും ബോർഡുകൾ തമിഴില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കും. ഇതിനായി സര്‍ക്കുലര്‍ ഇറക്കുമെന്ന് മുഖ്യമന്ത്രി എന്‍ രംഗസാമി അറിയിച്ചു. ശൂന്യവേളയില്‍ നിയമസഭയിലെ സ്വതന്ത്ര നിയമസഭാംഗമായ ജി നെഹ്റു (കുപ്പുസാമി) ഉന്നയിച്ച ഹര്‍ജിയിലാണ് നടപടി.
"കട ഉടമകള്‍ അവരുടെ സ്ഥാപനങ്ങളുടെ പേരുകൾ തമിഴിൽ എഴുതി സൈന്‍ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കുലര്‍ വഴി കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും,' രംഗസാമി പറഞ്ഞു.
നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും തമിഴ് ഭാഷയെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യക്തവും ഉറച്ചതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും നെഹ്‌റു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വകുപ്പുകളിലെ പരിപാടികള്‍ക്കുള്ള എല്ലാ ക്ഷണക്കത്തുകളിലും ഇനി തമിഴ് പതിപ്പ് ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.