ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തനിക്കെതിരെ നടത്തിയ 'അപ്പു, പപ്പു, ടപ്പു' പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം യോഗിയെ ഇരുത്തിയാൽ, അദ്ദേഹത്തെ ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്നാണ് അഖിലേഷ് പ്രതികരിച്ചത്. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Akhilesh Yadav on Yogi's 'Appu, Pappu, Tappu' mockery)
നേരത്തെ, ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസാഫർപുരിൽ നടത്തിയ റാലിയിലാണ് യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യംവെച്ച് 'അപ്പു, പപ്പു, ടപ്പു' പരാമർശം നടത്തിയത്.
"തിന്മ സംസാരിക്കുകയും കേൾക്കുകയും ചെയ്യാത്ത ഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെക്കുറിച്ച് നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ, ഇവിടെയുള്ള മൂന്ന് കുരങ്ങന്മാർ—അപ്പു, പപ്പു, ടപ്പു (അഖിലേഷ്, രാഹുൽ, തേജസ്വി എന്നിവരെ ലക്ഷ്യമാക്കി)—ബിഹാറിലെ ജനങ്ങളോട് കള്ളംപറയാനും ഇവിടെ ജംഗിൾ രാജ് തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്," എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമർശനം.
യോഗിയുടെ പരാമർശത്തിന് പിന്നാലെയാണ് അഖിലേഷ് യാദവ് മറുപടിയുമായെത്തിയത്. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോരിന് പുതിയ മാനം നൽകിയിരിക്കുകയാണ് ഈ പരാമർശങ്ങൾ.