

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശരിയായ നടപടിക്രമങ്ങളില്ലാതെ പ്രതികളുടെ സ്വത്തുക്കൾ പൊളിക്കുന്നതിലെ സർക്കാരിന്റെ കാപട്യത്തെ ചോദ്യം ചെയ്ത യാദവ്, മുഖ്യമന്ത്രിയുടെ വസതിയുടെ ഭൂപടം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിമർശനം അഖിലേഷ് യാദവ് ഉന്നയിച്ചിരിയുന്നു. വ്യാപകമായി വിമർശിക്കപ്പെട്ട ബുൾഡോസർ പ്രവർത്തനത്തിന് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി ഉത്തർപ്രദേശ് സർക്കാരിന്റെ ബുൾഡോസർ നടപടിക്ക് സുപ്രീം കോടതി 25 ലക്ഷം രൂപ പിഴ ചുമത്തിയത് എന്ന അഖിലേഷ് യാദവ് പരിഹസിച്ചു. (Akhilesh Yadav on UP government bulldozer raj)
അനധികൃതമായി വീടുകൾ പൊളിച്ചതിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അധികൃതരുടെ പെരുമാറ്റത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഉണ്ടായി. ഭരണഘടനാ ധാർമ്മികത ചൂണ്ടിക്കാട്ടി വീടുകൾ പൊളിക്കുന്നത് 15 ദിവസത്തേക്ക് സുപ്രീം കോടതി നിർത്തിവച്ചതിനെ തുടർന്നാണ് യാദവിന്റെ പരാമർശം.