പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടവുമായി ബന്ധപ്പെട്ട് വിഎസ്ആർ വെഞ്ചേഴ്സ് (VSR Ventures) ഉടമ വി.കെ. സിംഗിനെ മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചോദ്യം ചെയ്തു (Ajit Pawar plane crash CID investigation). പൂനെ സിഐഡി ആസ്ഥാനത്ത് വ്യാഴാഴ്ചയായിരുന്നു മൊഴി രേഖപ്പെടുത്തൽ നടന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്റർമാരായ വിഎസ്ആർ വെഞ്ചേഴ്സിന് സിഐഡി നേരത്തെ ചില ചോദ്യങ്ങൾ കൈമാറിയിരുന്നു.ജനുവരി 28-നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിന് സമീപം വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 വിമാനം തകർന്നു വീണത്.
അജിത് പവാറും മറ്റ് നാല് പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വിമാന അപകടത്തിന് പിന്നിൽ അട്ടിമറിയോ അതോ ക്രിമിനൽ അശ്രദ്ധയോ ഉണ്ടോ എന്നാണ് സിഐഡി പ്രധാനമായും അന്വേഷിക്കുന്നത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ അപകടസമയത്ത് കാഴ്ചപരിധി കുറവായിരുന്നുവെന്നും റൺവേയിൽ ചരൽക്കല്ലുകൾ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.അതിനിടെ, വിഎസ്ആർ വെഞ്ചേഴ്സിനെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാർ ആരോപിച്ചു. വി.കെ. സിംഗിന്റെ മകൻ രോഹിത് സിംഗ് വിമാനത്തിന്റെ പൈലറ്റ് സീറ്റിലിരുന്ന് ഉറങ്ങുന്ന വീഡിയോ അജിത് പവാറിന്റെ മകൻ ജയ് പവാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ വെഞ്ചേഴ്സിന്റെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന് ജയ് പവാർ ആവശ്യപ്പെട്ടു.

