
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മൂലമുണ്ടാകുന്ന ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ശബ്ദവും വ്യക്തിത്വവും സംരക്ഷിക്കാൻ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഗൂഗിളിൻ്റെ യൂട്യൂബ് പ്ലാറ്റ്‌ഫോമിനെതിരെയാണ് ഇവരുടെ പ്രധാന പരാതി.
തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന AI വീഡിയോകൾ നീക്കം ചെയ്യണമെന്നും, യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ മറ്റ് AI മോഡലുകൾക്ക് പരിശീലനം നൽകാൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിളിന് നിർദ്ദേശം നൽകണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കം AI പരിശീലനത്തിന് ഉപയോഗിക്കുന്നത് അസത്യങ്ങൾ കൂടുതൽ വ്യാപിക്കാൻ കാരണമാകുമെന്നും താരദമ്പതികൾ വാദിച്ചു.
ഗൂഗിളിനെതിരെ $450,000 നഷ്ടപരിഹാരം തേടുന്ന ഫയലിംഗുകളിൽ, ലൈംഗികച്ചുവയുള്ളതോ കെട്ടിച്ചമച്ചതോ ആയ നൂറുകണക്കിന് യൂട്യൂബ് ലിങ്കുകൾ തെളിവായി നൽകിയിട്ടുണ്ട്. വിഷയത്തിൽ രേഖാമൂലമുള്ള മറുപടി നൽകാൻ കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജനുവരി 15 ന് വീണ്ടും പരിഗണിക്കും.