ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി അവസരമാക്കി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ വൻ വർധന വരുത്തി. ഇരട്ടിയിലധികം തുക നൽകിയാൽ മാത്രമേ ഇപ്പോൾ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെയും ഞായറാഴ്ചയുമുള്ള ടിക്കറ്റ് നിരക്കിലാണ് പ്രധാനമായും വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.(Airlines take advantage of IndiGo crisis, Ticket prices hiked sharply)
നാളത്തെ ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65,000 രൂപയ്ക്ക് മുകളിലാണ്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ് എത്തിയിരിക്കുന്നത്. മുംബൈ, പൂനെ, ബെംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കുകളിലും വൻ വർധനവുണ്ടായിട്ടുണ്ട്.
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. ഇന്ന് (വെള്ളിയാഴ്ച) മാത്രം ഏഴുന്നൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി. ഡൽഹിയിൽ നിന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 53-ഉം എത്തിച്ചേരേണ്ട 51-ഉം വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈയിൽ നിന്ന് വൈകുന്നേരം 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി (പുറപ്പെടേണ്ട 20, എത്തേണ്ട 11). ഛത്തീസ്ഗഡ്, ഗോവ, പട്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധി തുടരുന്നു.
അതേസമയം, ഉടലെടുത്ത പ്രതിസന്ധിക്ക് ആശ്വാസമായി ഡി.ജി.സി.എ ഇളവ് പ്രഖ്യാപിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധനയാണ് ഡി.ജി.സി.എ. താൽക്കാലികമായി പിൻവലിച്ചത്. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡി.ജി.സി.എ. പിൻവലിച്ചിരിക്കുന്നത്