ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) സിസ്റ്റത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താറുമാറായി. ഇന്ന് രാവിലെ മുതൽ നേരിട്ട പ്രശ്നങ്ങളെ തുടർന്ന് നൂറിലേറെ വിമാനങ്ങളാണ് വൈകിയത്.(Air traffic control glitch, Over 100 flights delayed at Delhi airport)
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രാ വിവരങ്ങളിൽ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി അതത് വിമാനക്കമ്പനികളെ ബന്ധപ്പെടാൻ അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്രതീക്ഷിതമായി നേരിട്ട പ്രതിസന്ധിയിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, ഇത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് വിശദീകരിച്ചു. യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാ സഹായവും നൽകുന്നതായും, ഓൺലൈനായി വിമാനത്തിന്റെ സമയം പരിശോധിക്കണമെന്നും എയർ ഇന്ത്യ നിർദ്ദേശം നൽകി. എ.ടി.സി. തകരാർ പരിഹരിച്ച് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണ് വിമാനത്താവളത്തിലെ നൂറുകണക്കിന് യാത്രക്കാർ.