ദീപാവലിക്ക് പിന്നാലെ രാജ്യ തലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് വായു മലിനീകരണം : കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ | Diwali

മലിനീകരണത്തെ ചൊല്ലി പതിവ് പോലെ രാഷ്ട്രീയ പോരും തുടങ്ങിയിട്ടുണ്ട്
Air pollution suffocates Delhi after Diwali
Published on

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയെ ശ്വാസം മുട്ടിച്ച് രാജ്യ തലസ്ഥാനത്തിലെ വായുമലിനീകരണ തോത് കുത്തനെ ഉയർന്നു. നഗരത്തിൽ ശരാശരി വായുഗുണനിലവാരം (AQI) 350 രേഖപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ നടപടികൾ തുടങ്ങി.(Air pollution suffocates Delhi after Diwali)

നിയന്ത്രണങ്ങൾ മറികടന്നും ദിവസങ്ങളോളം വ്യാപകമായി പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂടാൻ കാരണം. നാലിടങ്ങളിൽ മലിനീകരണ തോത് 400 കടന്ന് ഗുരുതര അവസ്ഥയിലെത്തി. അനുവദനീയമായതിനേക്കാൾ പത്തിരട്ടി വരെ മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്.

കൃത്രിമ മഴക്ക് അനുമതി കാത്ത് സർക്കാർ

കൃത്രിമ മഴ (Cloud Seeding) പെയ്യിച്ച് മലിനീകരണം കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമതി ലഭിച്ചാൽ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയിൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ പറഞ്ഞത്.

"പൈലറ്റുമാർക്ക് പരിശീലനം നൽകി. ട്രയൽ റൺ നടത്തി. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചു. എല്ലാം സജ്ജമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്," മന്ത്രി പറഞ്ഞു.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വായുമലിനീകരണം നിരീക്ഷിക്കുന്ന ഐക്യു എയറിന്റെ (IQAir) കണക്ക് പ്രകാരം ഡൽഹി ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളിൽ ഒന്നാമതാണ്. പട്ടികയിൽ കൊൽക്കത്ത അഞ്ചാമതും മുംബൈ ഏഴാമതുമാണ്.

രാഷ്ട്രീയ പോരും ശക്തം

മലിനീകരണത്തെ ചൊല്ലി പതിവ് പോലെ രാഷ്ട്രീയ പോരും തുടങ്ങിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കാൻ നടപടിയെന്ന് സർക്കാർ കള്ളം പറയുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കാനാകാത്തത് ഡൽഹി സർക്കാറിന്റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് തടയാത്തതാണ് മലിനീകരണം ഇത്ര കൂടാൻ കാരണമെന്ന് ബിജെപി തിരിച്ചടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com