ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി സുപ്രധാന ഉത്തരവിറക്കി. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓപ്പൺ ഈറ്ററികൾ എന്നിവയിൽ ഗ്രില്ലിംഗിനും മറ്റുമായി ഉപയോഗിക്കുന്ന കൽക്കരിയും വിറകും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി.(Air pollution in Delhi, Tandoor ovens banned in hotels)
വിറകും കൽക്കരിയും ഉപയോഗിക്കുന്നത് എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ഗണ്യമായി ബാധിക്കുമെന്നതിനാലാണ് ഈ നടപടി. 1981-ലെ എയർ (പ്രിവെൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് DPCC ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം, എല്ലാ വാണിജ്യ സ്ഥാപനങ്ങളും വ്യവസായ യൂണിറ്റുകളും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റ് ശുദ്ധ ഇന്ധന സ്രോതസ്സുകൾ മാത്രമേ പാചകത്തിനായി ഉപയോഗിക്കാവൂ.
ഇടക്കാലത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും 'വളരെ മോശം' അവസ്ഥയിലേക്ക് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് DPCC-യുടെ പുതിയ നിരോധനം. അതേസമയം, കഴിഞ്ഞ മാസം ഡൽഹിയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരം വലിയ ചർച്ചയായിരുന്നു.
പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റിന് പിന്നാലെ, കസ്റ്റഡിയിലെടുത്ത തങ്ങളെ പോലീസ് ഉപദ്രവിച്ചെന്നും മർദ്ദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ ആരോപിച്ചു.