

ന്യൂഡൽഹി: തലസ്ഥാനത്തെ രൂക്ഷമായ വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) ഉടൻ നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഈ മാസം 29-ന് ക്ലൗഡ് സീഡിങ് നടപ്പാക്കിയേക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിതർ സിംഗ് സിർസ അറിയിച്ചു.(Air pollution, Cloud seeding to be implemented soon in Delhi)
ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിക്ക് മുകളിൽ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്നാണ് ഈ നീക്കം.
പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി
ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഐഐടി കാൺപൂരിൽ നിന്ന് ഡൽഹി വരെയായിരുന്നു പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും ഈ പരീക്ഷണത്തിൽ വിലയിരുത്തി.
വായു ഗുണനിലവാരം മെച്ചപ്പെട്ടു
അതേസമയം, ദീപാവലിക്ക് ദിവസങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ രാത്രിയിലെ കണക്കുകൾ പ്രകാരം ഒരിടത്ത് മാത്രമാണ് വായു ഗുണനിലവാര സൂചിക (AQI) 350-ന് മുകളിൽ രേഖപ്പെടുത്തിയത്. ഡൽഹിയിലെ ശരാശരി മലിനീകരണ തോതിലും കുറവുണ്ടായിട്ടുണ്ട്.