ബെംഗളൂരു: രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ നിലനിൽപ്പിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഉടമകളിൽ നിന്ന് വായ്പാ സഹായം തേടി. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നുമായി 10,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.(Air India seeks financial assistance from owners to survive)
ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന വിമാന ദുരന്തത്തെ തുടർന്ന് കമ്പനി നേരിടുന്ന പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനാണ് ഈ സാമ്പത്തിക സഹായം പ്രധാനമായും ലക്ഷ്യമിടുന്നത്.
നിലവിൽ എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിന്റെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാണ്. 2022-ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
ധനസഹായം തേടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ, സുരക്ഷ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, പ്രവർത്തന സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക എന്നിവയാണ്.
ഈ തുക പലിശ രഹിത വായ്പയായോ അധിക മൂലധനമായോ ഉടമകൾ അനുവദിക്കുമെന്നാണ് കരുതുന്നത്. ദശാബ്ദത്തിനിടയിലെ വലിയ ദുരന്തമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. ഇത് എയർ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളിലെ അറ്റകുറ്റപ്പണികൾ, പൈലറ്റുമാരുടെ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളും മേൽനോട്ടവുമുണ്ട്.