ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.(Air India flight makes emergency landing in Delhi after engine stalls after takeoff)
വിമാനം പറന്നുയർന്നതിന് പിന്നാലെ വലതുവശത്തെ എൻജിൻ പ്രവർത്തനരഹിതമായി. എൻജിൻ ഓയിൽ മർദ്ദം പെട്ടെന്ന് കുറഞ്ഞതാണ് ഇതിന് കാരണം. വിമാനത്തിലെ ഫ്ലൈറ്റ് ക്രൂ ഓയിൽ മർദ്ദം പരിശോധിച്ചപ്പോൾ അത് 'പൂജ്യം' ആയി മാറിയതായി കണ്ടെത്തി. തുടർന്ന് രാവിലെ 6:40-ഓടെ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
സാങ്കേതിക തകരാറിനെത്തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.