എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള ബോയിംഗ് വിമാനം ഇന്ത്യയിലെത്തി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള ബോയിംഗ് വിമാനം ഇന്ത്യയിലെത്തി
Updated on

കൊച്ചി: ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കസ്റ്റ്‌മൈസ് ചെയ്തു വാങ്ങിയ പുതിയ ബോയിംഗ് വിമാനം ഇന്ത്യലെത്തി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുന്ന 51-ാമത് ബി737-8 ലൈന്‍ ഫിറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. സിയാറ്റിലിലെ ബോയിംഗിന്റെ കേന്ദ്രത്തില്‍ നിന്നെത്തിയ വിമാനത്തിന്റെ ഉള്‍ഭാഗം മികച്ച യാത്രാനുഭവം ഒരുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പുതുവര്‍ഷത്തില്‍ ഈ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കും.

കൂടുതല്‍ യാത്രാസുഖം നല്‍കുന്ന സീറ്റുകള്‍, വിശാലമായ ലെഗ്‌റൂം, ഓരോ സീറ്റിലും ഫാസ്റ്റ് ചാര്‍ജറുകള്‍, വലിയ ഓവര്‍ഹെഡ് ക്യാബിന്‍, നിശബ്ദമായ അകത്തളം, മൂഡ് ലൈറ്റിങ്ങോട് കൂടിയുള്ള ബോയിംഗിന്റെ സ്‌കൈ ഇന്റീരിയര്‍ എന്നിവയും വിമാനത്തിലുണ്ട്. കൂടാതെ ചൂടുള്ള ഗോര്‍മേര്‍ ഭക്ഷണം വിളമ്പുന്നതിനായി വിമാനത്തില്‍ ഓവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ വിമാനം കൂടി എത്തിയതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബോയിംഗ് വിമാനങ്ങളുള്ള കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നിലവില്‍ 100ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. 2025ല്‍ മാത്രം നാല് എ321 നിയോ, നാല് എ320 നിയോ, മൂന്ന് എ320 സിയോ വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത ബോയിംഗ് ബി 737-8 ലൈന്‍ ഫിറ്റ് വിമാനത്തെ തങ്ങളുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെയധികം അഭിമാനിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. തങ്ങളുടെ ഫളീറ്റിലെ മൂന്നില്‍ രണ്ടും കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സുഖവും മികച്ച ഇന്ധനക്ഷമതയും നല്‍കുന്ന ആത്യാധുനിക ബി737-8, എ320/ എ321 നിയോ വിമാനങ്ങളാണ്. 2025ല്‍ പുതിയ 12 സ്ഥലങ്ങള്‍ ഉള്‍പ്പടെ 60 ഇടങ്ങളിലേക്ക് വിമാന സര്‍വ്വീസ് വ്യാപിപ്പിച്ചു. മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ ഉള്‍പ്പടെ ഇന്ത്യയിലെ രണ്ട്, മൂന്ന് നിര നഗരങ്ങള്‍ വരെ ബന്ധിപ്പിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തെ വ്യോമയാന മേഖലയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമാനങ്ങളില്‍ ഏകീകൃത കൊണ്ടുവരുന്നതിനായി നിലവില്‍ സര്‍വീസിലുള്ള 50 ബോയിംഗ് 737-8 വിമാനങ്ങളിലും പുതിയ സീറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങളുടെ നവീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പുതിയ വിമാന നിരയ്‌ക്കൊപ്പം എക്‌സ്‌പ്ലോര്‍ മോര്‍, എക്‌സ്പ്രസ് മോര്‍ എന്ന പുതിയ കാമ്പയിനും കമ്പനി തുടക്കമിട്ടു. കൂടാതെ ടെയില്‍സ് ഓഫ് ഇന്ത്യയിലൂടെ ഇന്ത്യയുടെ കലാ- സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്നതിനായി 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 50ലധികം കലാരൂപങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com