ഗുജറാത്ത്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തി. അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശവും ഓര്‍ഡറും പുറപ്പെടുവിച്ചു.
മാധ്യമങ്ങളോട് സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ പാടില്ല. വിഡിയോ റെക്കോഡ് ചെയ്യാനോ ഔദ്യോഗിക ഡാറ്റകളുടെ ഫോട്ടോ എടുക്കാനോ പാടില്ല എന്ന സൈബര്‍സെക്യൂരിറ്റി പോളിസിയെക്കുറിച്ച് ജീവനക്കാര്‍ക്ക് കമ്പനി വീണ്ടും താക്കീത് നല്‍കി. മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ല, കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടി ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കും എന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി നല്‍കിയ മുന്നറിയിപ്പ്.
കമ്പനിയുടെ പോളിസിയേക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ വീണ്ടും ജീവനക്കാര്‍ക്കെല്ലാം നിർദ്ദേശം. എയര്‍ ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി പോളിസി അനുസരിച്ച് വിഡിയോ ചിത്രീകരണം, ഒഫീഷ്യല്‍ ഡാറ്റ, സ്‌ക്രീനുകളിലെ ഡാറ്റ, ഡോക്യുമെന്റ്‌സ്, ഇമെയിലുകള്‍ തുടങ്ങിയ വിവരങ്ങള്‍ ആരുമായും പങ്കുവെക്കാനോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ പാടില്ല. ജീവനക്കാര്‍ക്ക് അയച്ച മെയിലിൽ ഇക്കാര്യങ്ങള്‍ ഓരോ ജീവനക്കാരും പാലിക്കണമെന്ന് കര്‍ശനമായി എയര്‍ ഇന്ത്യ മാനേജ്മന്റ് നിര്‍ദ്ദേശിച്ചു.