

ന്യൂഡൽഹി: സ്വത്ത് തർക്കത്തെത്തുടർന്ന് 62-കാരനായ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ മരുമകൾ തല്ലിക്കൊന്നു (Air Force Officer Murder). തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂർ ഏരിയയിലാണ് സംഭവം. വിരമിച്ച ഉദ്യോഗസ്ഥനായ നരേഷ് കുമാർ കൊല്ലപ്പെട്ട കേസിൽ മരുമകൾ ഗീതയെ (32) പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 27-ന് രാവിലെയാണ് ബിന്ദാപൂരിലെ മാനസ റാം പാർക്കിലുള്ള വീടിന്റെ ടെറസിൽ നരേഷ് കുമാറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നരേഷ് കുമാറിനെ ആരോ മർദ്ദിച്ചതാണെന്നും ടെറസിൽ അബോധാവസ്ഥയിൽ കിടക്കുകയാണെന്നുമാണ് ഗീത പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും മരുമകളായ ഗീത തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി.
സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് നരേഷ് കുമാറും ഗീതയും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. നരേഷ് കുമാറിന്റെ ഭാര്യ ഓഗസ്റ്റിൽ മരിച്ചിരുന്നു. ഗീതയുടെ ഭർത്താവ് പർവീൺ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഗീതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
A 32-year-old woman named Geeta has been arrested for allegedly beating her 62-year-old father-in-law, Naresh Kumar, to death over a property dispute in Delhi's Bindapur area. Naresh Kumar, a retired Air Force personnel, was found unconscious on the roof of his house and later declared dead at the hospital. Forensic investigation revealed that frequent quarrels over property led to the fatal assault, resulting in Geeta's arrest and subsequent judicial custody.