

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന മരണത്തിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് എയിംസ് (AIIMS) നടത്തിയ സമഗ്രമായ പഠനത്തിൽ പറയുന്നു. നിലവിലുള്ള ആരോഗ്യ സംരക്ഷണ മാർഗങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ പ്രതിഭാസം ആശങ്കാജനകമാണെങ്കിലും, കോവിഡ് വാക്സിനേഷൻ മരണകാരണമല്ലെന്ന് പഠനം സ്ഥിരീകരിക്കുന്നു.
'ബേർഡൻ ഓഫ് സഡൻ ഡെത്ത് ഇൻ യംഗ് അഡൽട്സ്' (Burden of Sudden Death in Young Adults) എന്ന പേരിലുള്ള ഈ പഠനം ഒരു വർഷം നീണ്ടുനിന്നു. 18 നും 45 നും ഇടയിലുള്ള യുവാക്കളിലുണ്ടായ അപ്രതീക്ഷിത മരണമാണ് പഠനവിധേയമാക്കിയത്. കോവിഡ് വാക്സിനുമായി ബന്ധിപ്പിച്ചുള്ള യാതൊരു തെളിവുകളും പഠനത്തിൽ ലഭിച്ചില്ല.
മരണകാരണങ്ങൾ:
കാർഡിയോ വാസ്കുലാർ സിസ്റ്റവുമായി (ഹൃദയധമനീവ്യൂഹം) ബന്ധപ്പെട്ട കാരണങ്ങളായിരുന്നു മുഖ്യമായും കണ്ടത്. ഇതിൽ കൊറോണറി ആർട്ടറി സംബന്ധിച്ച രോഗങ്ങൾ പ്രധാനമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കാർഡിയാക് ബന്ധമില്ലാത്ത കാരണങ്ങളും മറ്റൊരു പ്രധാന കാരണമായി കണ്ടെത്തി. ഈ വിഷയത്തിൽ കൂടുതൽ സമഗ്രമായ പഠനം ആവശ്യമാണെന്ന് എയിംസ് പറയുന്നു.
ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്. വെർബൽ ഓട്ടോപ്സി, പോസ്റ്റ് മോർട്ടം ഇമേജിങ്, ഹിസ്റ്റോ പതോളജിക്കൽ എക്സാമിനേഷൻ തുടങ്ങിയ നൂതന മാർഗങ്ങൾ ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) ഔദ്യോഗിക ജേണലായ 'ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ' പഠനത്തിൻ്റെ വിശദാംശങ്ങൾ എയിംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.