
ന്യൂഡൽഹി: സുപ്രീംകോടതി നിർദേശപ്രകാരം തയാറാക്കിയ കരട് ഭരണഘടനയ്ക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ ബോഡി അംഗീകാരം നൽകി. ഒക്ടോബർ 30നകം പുതിയ ഭരണഘടന നടപ്പിലാക്കണം എന്ന ഫിഫയുടെ അന്ത്യശാസനം കൂടി കണക്കിലെടുത്താണ് ഇന്നലെ പ്രത്യേക യോഗം വിളിച്ചുചേർത്തത്. ഫെഡറേഷൻ തിരഞ്ഞെടുപ്പ്, അംഗങ്ങളുടെ കാലപരിധി തുടങ്ങിയ നിബന്ധനകളിലടക്കം പുതിയ ഭരണഘടനയിൽ മാറ്റങ്ങളുണ്ട്.
അതേസമയം, സുപ്രീംകോടതി പുനഃപരിശോധിക്കുമെന്ന് അറിയിച്ച ആർട്ടിക്കിൾ 23.3, 25 എന്നീ വ്യവസ്ഥകൾ ഒഴിവാക്കിയാണ് ഭരണഘടന അംഗീകരിച്ചത്. ഇവ സംബന്ധിച്ച കോടതിയുടെ അന്തിമ തീരുമാന പ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.