പ്രധാനമന്ത്രി ചായ വിൽക്കുന്നതായി കാണിച്ച് AI വീഡിയോ : കോൺഗ്രസ് നേതാവിനെതിരെ BJP | AI
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കുന്നതായി ചിത്രീകരിക്കുന്ന ഒരു എഐ വീഡിയോ കോൺഗ്രസ് നേതാവ് പങ്കുവെച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മുതിർന്ന കോൺഗ്രസ് നേതാവായ രാഗിണി നായക് ആണ് ചൊവ്വാഴ്ച രാത്രി ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. ഒരു ആഗോള പരിപാടിയിൽ കെറ്റിലും ഗ്ലാസുകളുമായി പ്രധാനമന്ത്രി നടക്കുന്ന രീതിയിലുള്ള എഐ നിർമിത വീഡിയോ ആണിത്. (AI video showing PM selling tea, BJP slams Congress leader)
വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഇത് 'നാണമില്ലാത്ത പ്രവൃത്തി' ആണെന്നാണ് ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചത്. ഗുജറാത്തിലെ വാദ്‌നഗർ സ്റ്റേഷനിൽ തന്റെ അച്ഛൻ ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് താൻ അച്ഛനെ സഹായിച്ചിരുന്നുവെന്നും പ്രധാനമന്ത്രി മുൻപ് പല വേദികളിലും പറഞ്ഞിട്ടുള്ള കാര്യമാണ്.
ഈ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ മുൻകാല ജീവിതത്തെ പരിഹസിക്കുന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചതെന്നാണ് ബിജെപി നേതാക്കളുടെ വിമർശനം. ഇത്തരത്തിലുള്ള എഐ വീഡിയോകൾ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.
