

എഐ ഉപയോഗിച്ച് വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന പരാതിയുമായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. ഹൈദരാബാദ് സൈബർ പൊലീസിലാണ് പരാതി നൽകിയത്. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ഡീഫ് ഫേക്ക് വീഡിയോ നിർമ്മിച്ച്, ഇത് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായും താരം പരാതിയിൽ വ്യക്തമാക്കുന്നു.
വ്യാജ വീഡിയോകളിലൂടെ തനിക്ക് അപകീർത്തി ഉണ്ടായെന്നും പൊതുസമൂഹത്തിൽ പതിറ്റാണ്ടുകളായി നേടിയെടുത്ത സൽപ്പേരിന് ഭീഷണി ഉണ്ടായതായും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വീഡിയോ മൂന്ന് അശ്ലീല വെബ്‌സൈറ്റുകളിൽ വ്യാപകമായി പ്രചരിപ്പിച്ച് പണം സമ്പാദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വീഡിയോകൾ നീക്കം ചെയ്യാനും പ്രതികളെ എത്രയും വേഗം കണ്ടെത്താനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടു. വെബ്‌സൈറ്റുകൾ പരസ്പരം വീഡിയോ ക്രോസ്-പ്രമോട്ട് ചെയ്യുകയും റീപോസ്റ്റ് ചെയ്യുകയും മിറർ ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വാണിജ്യ നേട്ടം ലക്ഷ്യമിട്ടുള്ള സംഘടിത ശൃംഖലയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ വ്യക്തിപരമായും, കുടുംബത്തിനും, വേണ്ടപ്പെട്ടവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നീ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഉണ്ടായതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.
ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റുകൾ, യൂട്യൂബ് ചാനലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ചിരഞ്ജീവിയുടെ പേര്, ശീർഷകങ്ങൾ, ചിത്രങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദ് സിറ്റി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി താരം രംഗത്തെത്തിയത്.