ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വകുപ്പ് സെക്രട്ടറിമാർക്ക് പുറമെ വ്യോമയാന രംഗത്തെ വിദ്ഗ്ധരും സംഘത്തിലുണ്ട്. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
"ബോയിങ് 787 സീരീലെ 34 വിമാനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. ബോയിങ് വിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. എട്ട് ബോയിങ് വിമാനങ്ങൾ പരിശോധിച്ചു. കർശനമായ പ്രോട്ടോകൾ പ്രാബല്യത്തിലുണ്ട്. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളെ പിന്നീട് അറിയിക്കും." - റാം മോഹൻ നായിഡു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ മന്ത്രി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ജൂണ്‍ 12-ാം തീയതി രണ്ടുമണിക്കാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന വിവരം ലഭിച്ചതെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിര്‍ കുമാര്‍ സിന്‍ഹയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.