വധുവിന്റെ മേക്കപ്പ് വൈകി, വരന്റേയും വധുവിന്റേയും വീടുകാർ തമ്മിൽ കൂട്ടത്തല്ല്, ജീവൻ രക്ഷിക്കാൻ ഇറങ്ങി ഓടി അതിഥികൾ | Agra Marriage fight

പോലീസ് വരന്റേയും വധുവിന്റേയും വീടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു
agra marriage
Published on

കല്യാണത്തിന് അതിസുന്ദരിയായി ഒരുങ്ങുക എന്നത് ഏതൊരു വധുവിന്റേയും സ്വപ്നമാണ്. അങ്ങനെ വധുവിനെ ഒരുക്കുന്നത്തിൽ അധികം നേരം ചിലവഴിക്കുന്നതും ഇപ്പോൾ സാധാരണമാണ്. പക്ഷെ ആഗ്രയിൽ നിന്നും വരുന്നത് മേക്കപ്പ് കാരണം കല്യാണം മുടങ്ങിയ ഒരു വധുവിന്റെ വാർത്തയാണ്. (Agra Marriage fight)

വധുവിന്റെ മേക്കപ്പ് വൈകിയതിനെ തുടർന്ന് വധുവിന്റേയും വരന്റേയും വീടുകാർ തമ്മിൽ തർക്കമായി. തർക്കം മൂത്ത് കൂട്ടത്തല്ലിലാണ് അവസാനിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ചെറിയൊരു അഭിപ്രായവ്യത്യാസത്തിൽ തുടങ്ങിയ തർക്കം അവസാനം അക്രമാസക്തമായി മാറുകയായിരുന്നു. മരക്കഷ്ണങ്ങളും വടികളും ഉപയോഗിച്ച് ഇരു കൂട്ടരും പരസ്പരം ആക്രമിച്ചു. അതോടെ, നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദിയാകെ താറുമാറാകുകയും ചെയ്തു.

ലാൽ പ്യാർ കി ധർമ്മശാലയിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. ആദ്യം വിവാഹത്തിന്റെ അന്തരീക്ഷം വളരെ ശാന്തസുന്ദരമായിരുന്നു. എന്നാൽ വരന്റെ വീടുകാർ എത്തിയതൊടെ സംഭവത്തിന്റെ ഗതി മാറി. വരന്റെ വീടുകാരെ സ്വീകരിക്കുന്നതിനിടെ ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായി. ആ അഭിപ്രായ വ്യത്യാസം അധികം വൈകാതെ തന്നെ കലഹമായി മാറി. പിന്നെ ഒന്നും നോക്കാതെ വരന്റേയും വധുവിന്റേയും വീടുകാർ തമ്മിൽ കൈയിൽ കിട്ടിയതെല്ലാം വച്ച് കൈയാങ്കളിയും ബഹളവുമായി.

കലഹത്തിനും അക്രമങ്ങൾക്കും ഇടയിൽപെട്ടു മണ്ഡപത്തിലെ അലങ്കാരങ്ങളും മറ്റു വസ്തുക്കളും നശിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അതിഥികൾ ജീവൻ രക്ഷിക്കാനായി മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി. കൈയാങ്കളി അതിരുവിട്ട സാഹചര്യത്തിൽ നിയന്ത്രിക്കാനായി ഖണ്ഡാലി പൊലീസ് സ്ഥലത്തെത്തി. തുടർന്ന് രണ്ടു വീടുകാരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ടു മണിക്കൂർ നീണ്ട ഒത്തുതീർപ്പ് ശ്രമങ്ങൾക്കൊടുവിൽ ഇരുകൂട്ടരും സമാധാനത്തിൽ എത്തി ചേരുകയായിരുന്നു. തുടർന്ന് കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com