
ഡൽഹി: വലിയ വിവാദങ്ങൾക്കൊടുവിൽ ഡൽഹി മുഖ്യമന്ത്രി ആതിഷിക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സിവിൽ ലൈൻസ് ഫ്ലാഗ്സ്റ്റാഫിലെ ആറാം നമ്പർ ബംഗ്ലാവ് ഔദ്യോഗിക വസതിയായി അനുവദിച്ചു. ഇതിന് മുൻപ് അരവിന്ദ് കെജ്രിവാൾ താമസിച്ചിരുന്ന വസതിയാണിത്. ആതിഷിക്ക് ബംഗ്ലാവിൽ താമസിക്കാമെന്നും ഇതിന് തയാറാണെങ്കിൽ സമ്മതപത്രം എട്ടു ദിവസത്തിനകം നൽകണമെന്നും പി.ഡബ്ല്യു.ഡി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.
നേരത്തെ ആതിഷി ആറാം നമ്പർ ബംഗ്ലാവിലേക്ക് മാറിയിരുന്നു. എന്നാൽ ബി.ജെ.പി ഇടപെട്ട് ബലപ്രയോഗത്തിൽ വീടൊഴിപ്പിച്ചെന്ന ആരോപണവുമായി എ.എ.പി രംഗത്തുവന്നതോടെ രാഷ്ട്രീയ വിവാദത്തിന് തുടക്കമായിരുന്നു. ലഫ്റ്റനന്‍റ് ഗവർണറാണ് ഇതിനു പിന്നിലെന്നായിരുന്നു എ.എ.പിയുടെ ആരോപണം. പിന്നാലെ പുറത്തിരുന്ന് ഫയലുകൾ നോക്കുന്ന ആതിഷിയുടെ ചിത്രവും പ്രചരിച്ചു.