മുംബൈ: രാജ്യതലസ്ഥാനമായ ഡൽഹിക്കു പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞു. എയർ ക്വാളിറ്റി ഇൻഡക്സിന്റെ (AQI) അടിസ്ഥാനത്തിൽ മുംബൈയിലെ വായു 'വളരെ മോശം' (Very Poor) എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽ നിലവിൽ AQI 308 ആണ്.(After Delhi, Mumbai's air quality also worsens)
മുംബൈയിലെ വഷളായി വരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതി അധികാരികളോട് വിശദീകരണം തേടിയിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതായാണ് വിവരം.
കണക്കുകളേക്കാൾ കാഴ്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മുംബൈയിലെ മോശം വായുനിലവാരം ഏറ്റവും വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഈ ദിവസങ്ങളിൽ ശ്രദ്ധ നേടുന്നത്. 2025 ഒക്ടോബർ 26-ന് പകർത്തിയ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിന്റെ ചിത്രവും, കൃത്യം ഒരു മാസത്തിനു ശേഷം നവംബർ 26-ന് അതേ സ്ഥലത്തു നിന്ന് എടുത്ത ചിത്രവുമാണ് താരതമ്യം ചെയ്തത്.
ഒക്ടോബറിലെ ചിത്രത്തിൽ തെളിഞ്ഞ നീലാകാശത്തിന് താഴെ മനോഹരമായ കടൽ പാതയും ദൂരെയുളള കെട്ടിടങ്ങളും വ്യക്തമായി കാണാമായിരുന്നു. എന്നാൽ നവംബർ 26-ന് പകർത്തിയ ചിത്രത്തിൽ ശക്തമായ പുകമഞ്ഞ് (Smog) മൂലം ബാന്ദ്ര-വർളി സീ ലിങ്ക് റോഡ് പൂർണ്ണമായും മറഞ്ഞിരിക്കുന്ന കാഴ്ചയാണ്. AQI 308 എന്ന കണക്കിനെക്കാൾ, ഈ ദൃശ്യപരമായ മാറ്റമാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കളുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നത്.