ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.(Adverse weather, Nirmala Sitharaman's Bhutan trip disrupted)
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ധനമന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ (ഇന്ന്) പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തിക കാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
ചരിത്രപ്രസിദ്ധമായ സാംഗ്‌ചെൻ ചോഖോർ മൊണാസ്ട്രി സന്ദർശിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി തന്റെ ഔദ്യോഗിക പര്യടനം ആരംഭിക്കുക. 1765-ൽ സ്ഥാപിതമായ ഈ മൊണാസ്ട്രിയിൽ നൂറിലധികം സന്യാസിമാർ ബുദ്ധമത പഠനങ്ങളിൽ ഏർപ്പെടുന്നുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി, ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ ഭൂട്ടാനിൽ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളുടെ പുരോഗതി മന്ത്രി വിലയിരുത്തും.
കുറിച്ചൂ ഹൈഡ്രോപവർ പ്ലാന്റ് ഡാമും പവർ ഹൗസും, ഗ്യാല്‌സുംഗ് അക്കാദമി, സാംഗ്‌ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവയാണ് മന്ത്രി സന്ദർശിക്കുന്ന പ്രധാന കേന്ദ്രങ്ങൾ.