
ന്യൂഡൽഹി: നടി രന്യ റാവുവിന്റെ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. കഴിഞ്ഞ മൂന്നാം തീയതി ദുബായിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.80 കിലോഗ്രാം സ്വർണ്ണക്കട്ടികൾ കടത്തിയതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. കർണാടക പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എഡിജിപി രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ റാവു.
ഡൽഹി റവന്യൂ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വെച്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.നടി രണ്യ റാവുവിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാമ്പത്തിക കുറ്റകൃത്യ വിഭാഗം പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സിബിഐ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിൽ സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.