
ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെ മരിച്ച സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്‍റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് തമിഴ് സിനിമാ ലോകം. രാജുവിന്‍റെ മക്കളുടെ പഠനച്ചെലവ് നടന്‍ സൂര്യ ഏറ്റെടുത്തു. നടന്‍ സിമ്പു കുടുംബത്തിന് വലിയൊരു തുക ധനസഹായമായി നല്‍കി. രാജുവിന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായ സ്റ്റണ്ട് മാസ്റ്റര്‍ സിൽവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവം നടന്നയുടൻ തന്നെ ആദ്യം ബന്ധപ്പെട്ടത് ആര്യയാണെന്ന് സിൽവ അഭിമുഖത്തിൽ വെളിപ്പെടുത്തി. “സംഭവം നടന്നതിന് ശേഷം എന്നെ ആദ്യം വിളിച്ചത് ആര്യയാണ്. നടന്‍ വിജയും എന്നെ വിളിച്ചു. വളരെ മികച്ച രീതിയില്‍ സ്റ്റണ്ട് ചെയ്യുന്നയാളായിരുന്നു രാജു.എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് വിജയ് ചോദിച്ചു. എസ്.ടി.ആർ എന്നെ വിളിച്ച് കുടുംബത്തിന് ഒരു വലിയ തുകയുടെ ചെക്ക് നൽകുമെന്ന് പറഞ്ഞു, അദ്ദേഹം അവർക്ക് ഒരു വലിയ തുക നൽകി. സൂര്യയുടെ മാനേജർ വിളിച്ച് കുട്ടികളുടെ വിദ്യാഭ്യാസം താൻ നോക്കുമെന്നും അറിയിച്ചു." - സില്‍വ പറഞ്ഞു.
ജൂലൈ 13 നാണ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ 'വെട്ടുവം' എന്ന ചിത്രത്തിനായി കാർ സ്റ്റണ്ട് നടത്തുന്നതിനിടെ രാജു മരിച്ചത്. സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ മേൽനോട്ടത്തിൽ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടും അപകടം നടക്കുകയായിരുന്നു എന്നാണ് പ്രൊഡക്ഷൻ ഹൗസ് പറയുന്നത്. അതേസമയം, സംവിധായകനും മറ്റ് മൂന്ന് പേർക്കുമെതിരെ നരഹത്യാക്കുറ്റമടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.