
ജയ്പൂർ: ഉദയ്പൂർ-പിന്ദ്വാര ഹൈവേയിൽ ആസിഡ് ട്രക്ക് മറിഞ്ഞു(Acid truck overturns). അപകടത്തെ തുടർന്നുണ്ടായ തീ പിടുത്തത്തിൽ ഡ്രൈവർ വെന്തു മരിച്ചതായാണ് വിവരം. പിന്ദ്വാരയിൽ നിന്ന് പുറപ്പെട്ട ആസിഡ് ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രക്ക് മറിഞ്ഞതോടെ ആസിഡ് മുഴുവൻ ഹൈവേയിലേക്ക് ഒഴുകി. ഇതോടെ ഗോഗുണ്ടയ്ക്കും ഉദയ്പൂരിനും ഇടയിലുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. അപകട വിവരമറിഞ്ഞയുടൻ ഹൈവേ പട്രോളിംഗിൽ നിന്നും ബദ്ഗാവ് പോലീസും അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തി.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഹൈവേ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.