ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം ചേരൻകോട്ടൈ സ്വദേശിനിയായ ശാലിനിയാണ് (17) കൊല്ലപ്പെട്ടത്. പ്രതിയായ മുനിരാജ് അറസ്റ്റിലായി.(Accused arrested for stabbing 12th grader to death in Rameswaram for rejecting love proposal )
ശാലിനി പഠിക്കുന്ന സർക്കാർ സ്കൂളിലേക്ക് രാവിലെ പോകും വഴിയാണ് സംഭവം. ശാലിനിയെ തടഞ്ഞുനിർത്തിയ മുനിരാജ് പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി മുനിരാജിനെ അവഗണിച്ച് മുന്നോട്ട് നടന്നതോടെ, വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പൊതുവഴിയിൽ വെച്ചാണ് യുവാവ് പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിക്കുകയും പിന്നീട് കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
നാട്ടുകാർ ഓടിയെത്തി ഉടൻ ശാലിനിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി മുനിരാജ് ശാലിനിയെ പിന്തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ശല്യം സഹിക്കാനാകാതെ വന്നതോടെ ശാലിനി അച്ഛൻ മാരിയപ്പനെ വിവരം അറിയിച്ചു.
മത്സ്യത്തൊഴിലാളിയായ മാരിയപ്പനടക്കം യുവാവിന് പലതവണ താക്കീത് നൽകിയിരുന്നു. കൊലപാതകത്തിന് തലേദിവസം ശാലിനിയുടെ അച്ഛൻ മുനിരാജിന്റെ വീട്ടിലെത്തി മേലാൽ ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയിരുന്നു. ഇതിന്റെ ദേഷ്യവും പകയുമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) യുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തതായും മുനിരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.