മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ വഡാലയിൽ മോണോ റെയിൽ ട്രാക്കിൽനിന്ന് കംപാർട്ട്മെന്റ് തെന്നിമാറി അപകടം. അപകടത്തിൽ കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എഞ്ചിനീയറെയും അഗ്നിരക്ഷാ സേന ഉടൻ രക്ഷപ്പെടുത്തി.(Accident on Mumbai monorail track, Compartment slips during test run)
ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് പുതിയതായി നിർമ്മിച്ച ബീമിലൂടെ കടന്നുപോകുമ്പോൾ മോണോ റെയിൽ കംപാർട്ട്മെന്റ് തെന്നിമാറിയത്. ഗൈഡ് വേ ബീമിൽ നിന്ന് റെയിൽ കംപാർട്ട്മെന്റ് മറ്റൊരു ബീമിലേക്ക് തെന്നിമാറിയതോടെ ഒരു കംപാർട്ട്മെന്റ് പാതയിൽനിന്ന് പുറത്തേക്ക് തള്ളി വന്ന നിലയിലായി.
സാരമായി തകരാറ് സംഭവിച്ചത് 55 കോടി രൂപ വിലയുള്ള പുതിയ ട്രെയിനിനാണ്. മേധ സെർവേ ഡ്രൈവ്‌സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്. സാങ്കേതിക തകരാറുകൾ പതിവായതിനെ തുടർന്ന് രാജ്യത്തെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം സെപ്റ്റംബർ 20 മുതൽ പ്രവർത്തനരഹിതമാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരീക്ഷണയോട്ടത്തിനിടെയാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ അറിയിച്ചു. ഇതിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് നടന്നത്. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉപവിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.