
മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്. "നമ്മുടെ അറിവും ശക്തിയും മൂല്യങ്ങളും സമൂഹത്തിൻ്റെ ക്ഷേമത്തിനായി വിനിയോഗിക്കണം." – ഗവർണർ പറഞ്ഞു.
ഗുജറാത്തിലെ പ്രൻസ്ലയിൽ 25-ാമത് രാഷ്ട്ര കഥാശിബിരത്തിൽ 'ദേശീയോദ്ഗ്രഥനം, മൂല്യങ്ങൾ, ഭാവി' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗവർണർ.
പ്രകൃതിയിൽ നിന്നും സസ്യങ്ങളിൽ നിന്നും ജീവജാലങ്ങളിൽ നിന്നും പഠിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. "മനുഷ്യർ പൂർണ്ണരോ തികഞ്ഞവരോ അല്ല, എന്നാൽ നമ്മുടെ ആത്യന്തിക ലക്ഷ്യം യഥാർത്ഥ മനുഷ്യരാകാൻ പരിശ്രമിക്കുക" എന്നതായിരിക്കണം – ആനന്ദ ബോസ് പറഞ്ഞു.
2024 ഡിസംബർ 28-ന് ആരംഭിച്ച് 2025 ജനുവരി 5-ന് അവസാനിക്കുന്ന പരിപാടിയിൽ കൊൽക്കത്ത സർവകലാശാലയിലെ സംസ്‌കൃത വിഭാഗം മേധാവി ഡോ. കമൽ കെ. മിശ്രയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.
രാജ്യത്തുടനീളമുള്ള 14,000-ത്തിലധികം വിദ്യാർത്ഥികൾക്കൊപ്പം 20,000 സായുധ സേനാംഗങ്ങളും 250 സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നു. കേന്ദ്രമന്ത്രി സഞ്ജയ് സേത്ത്, സഞ്ജീവ് സന്യാൽ (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്), മേജർ ജനറൽ ജി.ഡി. ബക്ഷി, സംഘാടകൻ സ്വാമി ധർമ്മബന്ധു ജി എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ കൽക്കട്ട സർവകലാശാലയിലെ സംസ്‌കൃത വകുപ്പിനെ വേദിയിൽ ആദരിച്ചു.
ഭാരത സായുധ സേന, നാവിക സേന, വായുസേന, ആർമി, ഭാരത് കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ ദേശീയ മൂല്യങ്ങൾ, വിജ്ഞാന കൈമാറ്റം, ഐക്യം എന്നിവ വളർത്തിയെടുക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് 25-ാമത് രാഷ്ട്ര കഥ ശിബിർ.