ന്യൂഡൽഹി: നിലമ്പൂരിന് പുറമെ രാജ്യത്തെ നാലു നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഗുജറാത്തിൽ രണ്ടു മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് വോട്ടെണ്ണൽ. പഞ്ചാബിലും ഗുജറാത്തിലെ ഒരു മണ്ഡലത്തിലും എഎപി ലീഡ് ചെയ്യുന്നു. ബംഗാളിൽ തൃണമൂലും ഗുജറാത്തിലെ ഒരു മണ്ഡലത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്.
പഞ്ചാബിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥി സഞ്ജീവ് അറോറ 2504 വോട്ടിന് ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർഥി ഭാരത് ഭൂഷൺ അഷു രണ്ടാമതാണ്. ബിജെപി സ്ഥാനാർഥി ജീവൻ ഗുപ്ത മൂന്നാമതും. ഇവിടെ എഎപി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂലിന്റെ അലിഫ അഹമ്മദ് 16,947 വോട്ടിന് ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർഥി ആഷിഷ് ഘോഷ് രണ്ടാം സ്ഥാനത്താണ്. തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
വോട്ടെണ്ണൽ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിങ് സീറ്റിൽ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്മി പാർട്ടിയുടേതുമാണ്. കാദി മണ്ഡലത്തിൽ ബിജെപിയുടെ രാജേന്ദ്രകുമാർ 11166 വോട്ടിനു ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്താണ്. വിസാവദർ മണ്ഡലത്തിൽ എഎപി സ്ഥാനാർഥി ഇടാലിയ ഗോപാൽ ലീഡ് ചെയ്യുന്നു. ഇവിടെ രണ്ടാം സ്ഥാനത്താണ് ബിജെപി.