ന്യൂഡൽഹി: ഛത്ത് പൂജയോടനുബന്ധിച്ച് യമുനാ നദിയോട് ചേർന്ന് ബിജെപി സർക്കാർ കൃത്രിമ ജലാശയം (വ്യാജ യമുന) നിർമിച്ചതായി ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. നദിയിലെ മലിനീകരണം മറച്ചുവെക്കാനാണ് ശുദ്ധീകരിച്ച ജലം നിറച്ച വ്യാജ യമുന നിർമിച്ചതെന്നാണ് എഎപിയുടെ പ്രധാന ആരോപണം. അതേസമയം, ബിജെപി ഈ ആരോപണങ്ങളെല്ലാം അസംബന്ധമാണെന്ന് പറഞ്ഞ് തള്ളി.(AAP accuses BJP of building 'fake Yamuna' for Chhath Puja)
ബിഹാർ തിരഞ്ഞെടുപ്പും ഛഠ് പൂജയും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ യമുനാ നദിയിലെ മലിനീകരണ പ്രശ്‌നം മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് എഎപി ആരോപിക്കുന്നത്. ഇതിനായി നദിയോട് ചേർന്ന് പുതിയ പടവുകളോടുകൂടിയ ഒരു ജലാശയം നിർമിച്ച്, വസിറാബാദിലെ ജലശുദ്ധീകരണ പ്ലാൻ്റിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം നിറച്ചു.
വസിറാബാദ് ഫ്ലൈ ഓവറിന് മുകളിൽ നിന്ന് കാണുന്ന യമുനാ നദിയുടെയും സമീപത്തെ കൃത്രിമ ജലാശയത്തിൻ്റെയും വിഡിയോ എഎപി നേതാവ് സൗരഭ് ഭരദ്വാജ് പുറത്തുവിട്ടു. യഥാർഥ നദിയിലെ മലിനജലം കലരാതിരിക്കാൻ പ്രത്യേക മതിൽക്കെട്ടുകൾ പോലും നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാലിന്യ പ്രശ്‌നം കാരണം ഉപയോഗശൂന്യമായ യമുനയോട് ചേർന്നാണ് പുതിയ ജലാശയം ഒരുക്കിയിട്ടുള്ളതെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി.