
ബീഹാർ : ഭാര്യയെ 14 തവണ കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ ജയിലിലായ യുവാവ് , ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ പീഡനത്തിൽ മടുത്ത ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നതായി പറയപ്പെടുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് ഭാര്യയെ നിർബന്ധിച്ചുകൊണ്ടിരുന്നു.
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം. സദർ കോട്‌വാലി പ്രദേശത്തെ കലീന പൂർവ ഗ്രാമത്തിൽ, ഭർത്താവ് പപ്പു ദോഹ്രെ ഭാര്യ ഗുഡ്ഡി ദേവിയുടെ മൂക്ക് പല്ലുകൊണ്ട് കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. 14 വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. കൂലിപ്പണിക്കാരനായ പപ്പു ജോലി ചെയ്യുന്ന പണം മുഴുവനും ചൂതാട്ടത്തിനും മദ്യത്തിനും വേണ്ടി ചെലവഴിച്ചു.
ഭാര്യ ഗുഡ്ഡി മറ്റു വീടുകളിൽ ജോലിക്ക് പോയാണ് മക്കളെ വളർത്തിയത്. പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിരുന്നു. 2022 നവംബറിൽ ഭർത്താവ് അവളെ 14 തവണ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം, ഭാര്യയോട് പ്രതികാരം ചെയ്യാൻ, ഇത്തവണ അയാൾ പല്ലുകൊണ്ട് ഭാര്യയുടെ മൂക്ക് കടിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഭർത്താവ് ജയിലിലായതിനുശേഷം, ഭാര്യ കുട്ടികളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മറ്റുള്ളവരുടെ വീടുകളിൽ വീട്ടുജോലികൾ ചെയ്യാറുണ്ടായിരുന്നു. ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, മാതാപിതാക്കളുടെ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ അയാൾ ഭാര്യയെ സമ്മർദ്ദത്തിലാക്കി. തുടർന്ന് ശീലങ്ങൾ മാറ്റിയാൽ മാത്രമേ അവൾ തിരിച്ചുവരൂ എന്ന് ഗുഡ്ഡി പറഞ്ഞു. എന്നാൽ ഭാര്യ പറഞ്ഞത് ഭർത്താവിന് ഇഷ്ടപ്പെട്ടില്ല, അയാൾ പല്ലുകൊണ്ട് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.
യുവതിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില ഗുരുതരമായതിനാൽ കാൺപൂരിലേക്ക് റഫർ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയായ ഭർത്താവ് ഒളിവിൽ പോയി. ഇരയായ ഭാര്യ ഭർത്താവിനെതിരെ കോട്‌വാലി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതിയായ പപ്പു ദോഹ്രെയെ അറസ്റ്റ് ചെയ്യാൻ പോലീസ് റെയ്ഡ് നടത്തിവരികയാണ്.